Sunday, January 11, 2009

ശലഭമായ് ....

നഷ്ടപ്പെട്ട ബാല്യത്തിന്‍റെ നിറക്കൂട്ടുകള്‍ തേടി ഒടുവില്‍ ഞാന്‍ എത്തി. മോഹ സാഫല്യമല്ല . ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഈ ഇടവഴികളുടെ ആജ്ഞാ ശക്തിയുടെ വിജയമാണിത്. എന്തേ ഇത്ര വൈകിയത്? പ്രകൃതിയുടെ വെമ്പല്‍ നിറഞ്ഞ ചോദ്യം. ഉത്തരമില്ല എന്‍റെ കൈയില്‍. ഉള്ളിന്‍റെ ഉള്ളില്‍ ഉറങ്ങി കിടന്നിരുന്ന എന്നെ തട്ടി ഉണര്‍ത്താന്‍ ഇപ്പോഴാണ്‌ സാധിച്ചത്. ഇത്തരമൊരു നഷ്ട ബോധം എന്നിലുണ്ടായിരുന്നല്ലേ? ഞാന്‍ അത്ര മാത്രം വൈകിപ്പോയോ?

"സതി, നീ ഏത് ലോകത്താണ്? " എന്‍റെ ഇടതു വശത്ത് ഒരു മനുഷ്യ ജീവന്‍ ഇരിക്കുന്നുണ്ട്‌ എന്ന് പോലും ഞാന്‍ മറന്നല്ലൊ. അനന്തു നല്ല ഉറക്കം ആണ്. അവന് ഈ യാത്രയില്‍ തീരെ താത്പര്യം ഇല്ലായിരുന്നു. ഞാന്‍ ഒരിക്കല്‍ കളിച്ചു നടന്ന മണ്ണില്‍ അവന്‍റെ കാല്‍ പാദങ്ങള്‍ പതിയണം എന്ന് എന്‍റെ ശാഠ്യം ആയിരുന്നു.അവനിപ്പോള്‍ ഈ അമ്മയെ ശപിക്കുന്നുണ്ടായിരിക്കും . മനസ്സു നിറയെ കൌമാര സ്വപ്‌നങ്ങള്‍ താളം ചവിട്ടുമ്പോള്‍ ചിതല് പിടിച്ച കുറേ അവശിഷ്ടങ്ങള്‍ തേടാന്‍ എന്തിനാണ് തന്നെക്കൂടി വിളിക്കുന്നത് എന്ന് ചോദിക്കുകയായിരിക്കും. സാരമില്ല ഞാന്‍ ഉത്തരം കണ്ടു പിടിച്ചു കൊള്ളാം. എന്‍റെ ബാല്യം ഞാന്‍ തിരിച്ചു പിടിക്കുമ്പോള്‍ അവന്‍ കൂടെ വേണം.
നാല്‍കവല കഴിഞ്ഞു വണ്ടി ഇടവഴിയിലേക്ക് തിരിഞ്ഞപ്പോഴേക്കും ഞാന്‍ അറിഞ്ഞു. മനസ്സില്‍ നിന്നും എന്തൊക്കെയോ പുറത്തേക്കൊഴുകാന്‍ വെമ്പുന്നു. അനേകം ചിത്രങ്ങള്‍ മുന്നില്‍ മാറി മാറി തെളിഞ്ഞു കൊണ്ടിരുന്നു. എന്‍റെ കൊന്ന! അതിപ്പോഴും അവിടെ പൂത്തുലഞ്ഞു നില്‍ക്കുന്നുണ്ടാവുമോ? ഈശ്വരാ! ഇവിടമാകെ മാറിയല്ലോ. അന്നത്തെ ആ പൊട്ടിപൊളിഞ്ഞ കൂടാരത്തിന്റെ സ്ഥാനത്ത് ഇപ്പോള്‍ എന്താണാവോ?അന്നവിടെ ഒരു ഭ്രാന്തന്‍ ഉണ്ടായിരുന്നു .രാത്രിയില്‍ അവന്‍റെ നിലവിളിക്ക്‌ കാതോര്‍ത്തു കിടക്കുക ഒരു പതിവായിരുന്നു. ഓരോ ദിവസവും അത് ഓരോ ഗാനമായി തോന്നുമായിരുന്നു. ഒരു പക്ഷെ അന്നും ഞാനും ഒരു ഭ്രാന്തി ആയിരുന്നിരിക്കണം. മുപ്പതു വര്‍ഷങ്ങള്‍ എന്റെ ഭ്രാന്തിനു പുതിയ മാനങ്ങള്‍ നേടി തന്നു.

ഗേറ്റ് കടന്നതും എനിക്കാകെ നിയന്ത്രണം നഷ്ടപ്പെട്ടത്‌ പോലെ തോന്നി. എനിക്കായി കാത്തിരിക്കാന്‍ ഇവിടെ ആരുമില്ല. എന്നിട്ടും എന്തിനോ വേണ്ടി അവിടം എല്ലാം പരതി നടന്നു. അപ്പോഴാണ് വെളിപ്പെട്ടത്. എന്തെല്ലാം ആണ് ഞാന്‍ ഇവിടെ മറന്നിട്ടു പോയിരിക്കുന്നത് .അതോ ഈ വരവ് മുന്‍ കൂട്ടി നിശ്ചയിക്കപ്പെട്ടതാണോ? അതാ ഞാനന്ന് പടുത്തുയര്‍ത്തിയ കളിവീട്. അതവിടെ തന്നെ ഉണ്ടല്ലോ. അല്ല അവിടെ എന്റെ പ്രിയപ്പെട്ട കളിക്കൂട്ടുകാരനും നില്ക്കുന്നുണ്ടോ? ഞങ്ങളന്നു ചുട്ടെടുത്ത മണ്ണ്‌ അപ്പങ്ങള്‍ ഓരോന്നായി അവനതാ തല്ലിയുടക്കുന്നു. അരുതേഎന്നുറക്കെ കേണിട്ടും ശ്രദ്ധിക്കുന്നു പോലുമില്ല. കാണ്‍കെ കാണ്‍കെ എന്റെ സ്വപ്ന മന്ദിരവും നിലം പൊത്തി.. കണ്ണിലാകെ ഇരുട്ട് പടരുന്നു. ശരീരത്തിന് തീരെ ഭാരം ഇല്ലാതായത് പോലെ.ഞാനൊരു ശലഭം കണക്കെ പഴയ വഴികളും പിന്നിട്ടു പുതിയ പാതകള്‍ തേടി പറക്കാന്‍ തുടങ്ങി.
* * * * *

"അനന്തൂ, നീ അമ്മയെ വിളിക്ക്. രാവിലെ തന്നെ പുറപ്പെട്ടാലെ നമ്മള്‍ സമയത്തവിടെ എത്തൂ.. ഇന്നലെ എന്തൊരു ഉത്സാഹമായിരുന്നു നാട്ടില്‍ പോകുവാന്‍. കിടന്നുറങ്ങുന്നത് കണ്ടില്ലേ?"

"വേണ്ടച്ച്ചാ, ഉറക്കത്തില്‍ ശല്യം ചെയ്യുന്നത് അമ്മക്കിഷ്ടമല്ലല്ലോ. നമുക്കു ഉണരും വരെ കാത്തിരിക്കാം".
? ? ?

3 comments:

  1. സ്മിതേ, ബൂലോകത്തിലേക്ക് സ്വാഗതം. നല്ല രചനാശൈലി. പക്ഷെ എഴുത്തുകാരിയെ ഓര്‍ത്തപ്പോള്‍ എനിക്ക് ചിരി വരുകയായിരുന്നു! ആ (വലിയ) ജിഹ്വയില്‍ നിന്നും ഇത്തരം വാക്കുകള്‍ പ്രതീക്ഷിരിചിരുന്നില്ല...ഇങ്ങനെയുള്ള കഴിവുകളും ഉണ്ടെന്നു അറിഞ്ഞിരുന്നില്ല. ഇനിയും എഴുതുക. വായനക്കാരെ കിട്ടുവാന്‍ മറുമൊഴികള്‍ (http://groups.google.com/group/marumozhikal) ഉപയോഗിക്കൂ. - രവി.

    ReplyDelete
  2. balya kuthoohalangalilekku oru yathra cheyyan ee kadha enne prerippichu....valare manoharamyittundu....avidavide vittu poya bhagangal onnu koodi ezhuthicherthal nannayirunnu.......

    ReplyDelete
  3. Evideyo poorippikkuvan maranna kure varikal...manpoorvam marannatho?? atho !

    ReplyDelete