Saturday, September 24, 2016

സീൻ 1
അഞ്ചാം ക്ലാസ്സിൽ പഠിക്കുന്ന ഞാൻ. ഒഴിവുള്ള ചില ഞായറാഴ്ചകളിൽ അമ്മ ചിലപ്പോൾ തലയിൽ എണ്ണ തേച്ചു തരാറുണ്ട്. അങ്ങനെ ഉള്ള ഒരു ദിവസം. എണ്ണ തേക്കുന്നതിനിടയിൽ അമ്മ  ഒരു വിഷയം എടുത്തിട്ടു. പെൺകുട്ടികൾ വയസ്സറിയിക്കുന്ന സംഭവം മുഖവുരയും ചുറ്റി വളക്കലും ഒക്കെ ആയി  അമ്മ പതുക്കെ പറഞ്ഞു തരാൻ തുടങ്ങി. അത് വരെ ഈ carefree എന്ത് സാധനം എന്ന ഉത്തരം കിട്ടാ ചോദ്യവുമായി നടന്ന എനിക്ക് ഒരു പ്രകോപനവുമില്ലാതെ എന്തിനപ്പ ഈ പുതിയ വിജ്ഞാനം പകർന്നു തന്നിരിക്കുന്നത്? സംഭവം ഇതാണ്. എന്റെ അതെ പ്രായത്തിലുള്ള ഒരു കുട്ടി വയസറിയിച്ചു. അതോടെ ഉള്ളിൽ പരിപ്പുവട മൂത്ത 'അമ്മ എന്നെ ബോധവത്കരിക്കാൻ തീരുമാനിച്ചു.

വായും പൊളിച്ചിരിക്കുന്ന എന്നോട് അവസാനം 'അമ്മ പറഞ്ഞു. "സ്കൂളിൽ വച്ച് എന്തേലും ആയ ടീച്ചറോട് പറയണം കേട്ടോ".

ഉടനെ അതി ബുദ്ധിമതിയായ എന്റെ ഉത്തരം - "അതിനു മേരിക്കുട്ടി ടീച്ചർക്ക് ഇതൊന്നും അറിയില്ലല്ലോ അമ്മെ"

"അതെന്താ?"

 "അല്ല ടീച്ചറ് ക്രിസ്ത്യാനി അല്ലെ. നമ്മടെ ഹിന്ദുക്കളുടെ ഈ കാര്യം ടീച്ചർക്ക് അറിയണ്ടാവില്ലലോ."

"പൊട്ടിക്കാളി, ഇത് എല്ലാ സ്ത്രീകൾക്കും ഉണ്ടാവുന്നതാ. ഇതിനു ഹിന്ദും ക്രിസ്ത്യാനീം ഒന്നൂല്യ."

"ഓ എന്നാ ശരി" . അമ്മക്ക് ഇത് ശരിക്കറിയാത്തോണ്ടാണോ, ടീച്ചർക്ക് ശരിക്കും ഇതറിയോ എന്നൊക്കെയുള്ള സംശയം പൂർണമായി മാറിയൊന്നും ഇല്ലെങ്കിലും ആ സംഭാഷണം അവിടെ തീർന്നു.


ഒരു കണക്കിന് ആ അഞ്ചാം ക്ലാസുകാരിയെ കുറ്റം പറയാൻ പറ്റില്ല. എല്ലാ  മാസവും  ആ ദിവസങ്ങൾ തറവാട്ടിലൊക്കെ  ഒരു വലിയ ചടങ്ങാണ്. അവിടെ തൊട്ടൂടാ. അത് ചെയ്തൂട. അങ്ങനെ ഒരു നൂറായിരം  വിലക്കുകൾ എന്തിനാണ് ചേച്ചിമാർക്കു എല്ലാ മാസവും എന്ന് അവൾക്കു അപ്പോളാണ് മനസിലായത്. ആദ്യം മനസ്സിൽ വന്നത് ആ ദിവസങ്ങളിൽ അവർ പാമ്പും കാവിൽ വിളക്ക് വക്കാൻ പോകാറില്ല എന്നതാണ്. അത് കൊണ്ട് തന്നെ ഇത് ഹിന്ദുക്കളുടെ എന്തോ ആചാരമായിരിക്കും എന്ന് തോന്നി കാണും.

സീൻ 2

കുടുംബ സമേതം ഇഷാന്റെ സ്കൂളിൽ ഓപ്പൺ ഹൌസ് എന്ന കലാ പരിപാടിക്ക് പോകുന്ന ഞങ്ങൾ. സ്ഥിരം കിട്ടുന്ന റെയിൽവേ ക്രോസ്സിങ്ങിൽ ഞങ്ങൾ വെയിറ്റ് ചെയ്യുന്നു . അപ്പോൾ അവൻ ഒരു പുതിയ കളി എനിക്ക് പറഞ്ഞു തരാണ്.
 "ഞാൻ അങ്ങനെ പറഞ്ഞാൽ അവൻ ക്രോസ് കാണിക്കണം. അല്ലെങ്കിൽ ഔട്ട് "
"അതെന്തിനാടാ ക്രോസ്?"
"അവൻ ക്രിസ്ത്യൻ അല്ലെ. അതാ"

എന്റെ ഭാരത സ്ത്രീകൾ തൻ, ഛെ തെറ്റി , ഭാരതമെന്ന് കേട്ടാൽ( ആ അതന്നെ. ഇപ്പൊ ശരിയായി.) അത് ഉണർന്നു. ഇന്ത്യയുടെ മതേതരത്വത്തെ  കുറിച്ചും ഏക മത സങ്കല്പത്തെ കുറിച്ചും ഒക്കെ ഘോര ഘോരം ഞാൻ പ്രസംഗിക്കാൻ തുടങ്ങി. "വെള്ളം! വെള്ളം!". പ്രസംഗിച്ചു തളർന്ന ഞാൻ നോക്കിയപ്പോ ഉറങ്ങി വീഴാൻ തുടങ്ങിയ വിനീത് എങ്ങിനെയൊക്കെയോ കഷ്ടപ്പെട്ട് വണ്ടി ഓടിക്കുന്നുണ്ട്. ഇഷാനാണെങ്കിൽ അവന്റെ സന്തത സഹചാരികളായ കാറിന്റെയും അതിന്റെ ഡ്രൈവർ പാണ്ടയുടെയും കൂടെ തകർത്തു കളിച്ചോണ്ടിരിക്കുന്നു.

(       മീനവിയൽ സീൻ ഒന്നിലെ കുട്ടി "ആ തള്ള്, ആഞ്ഞു തള്ള് :-)"  )

ഇതാണ്. അവനെന്തോ അപ്പൊ തോന്നിയത് പറഞ്ഞു, രണ്ടു ദിവസം കഴിഞ്ഞു ഞാൻ ചോദിച്ചാ അവൻ  വേറെ എന്തെങ്കിലും പറയും. അതിനാണ് ഞാൻ  തത്വ പ്രസംഗവുമായി ഇറങ്ങിയത്.  ഏത്? ഏഴ് വയസ്സുകാരനോട്. ഈയിടെയായി എല്ലാം ഓവർ ആണ്. അത് പലപ്പോഴും തോന്നുമെങ്കിലും ഓവർ ആയതിനു ശേഷം മാത്രേ തോന്നു :-)
ഈ ഫേസ്ബുക്കും ന്യൂസ് ചാനലും നോക്കാതിരുന്നാ ചിലപ്പോ ഞാൻ നന്നാവോ? ഇല്ല അല്ലെ?

Saturday, September 10, 2016

ആറാം ക്ലാസ്സിൽ പഠിക്കുന്ന സമയം. ലൈൻ ബസിൽ കിളികളുടെ തെറി വിളിയും കേട്ട് വളരെ "സുഖകരമായി " യാത്ര ചെയുന്ന കാലം. രാവിലെ വടക്കാഞ്ചേരി ബസ് സ്റ്റാൻഡിൽ അങ്ങോട്ടും ഇങ്ങോട്ടും കുറെ ഓടി ഏതേലും ബസിൽ കയറി തൂങ്ങി പിടിച്ചു ചെമ്പുക്കാവ് പോയി ഇറങ്ങും. ടൗൺഹാളിൽ നിന്നും നടന്നു സ്കൂളിൽ എത്തും. വൈകുന്നേരം വടക്കേ സ്റ്റാൻഡ് വരെ നടക്കണം. എന്നിട്ടു ക്യൂ നിക്കണം. ഷൊറണ്ണൂർ അല്ലെങ്കിൽ ചേലക്കര പോകുന്ന ബസിന്റെ മുന്നിൽ. പത്തു പേരെ വച്ച് കേറ്റും മഹാമനസ്കരായ കിളിയും കണ്ടക്ടറും. കയറിയാലോ സീറ്റ് ഉണ്ടെങ്കിലും ഇരിക്കാൻ പാടില്ല. അങ്ങനെ വളരെ സൗകര്യത്തിൽ സ്കൂളിൽ പോയിരുന്ന കാലം. ഇപ്പൊ ആലോചിക്കുമ്പോ കൗതുകം തോന്നുന്നു. അന്ന് ആരോടും ഒരു പരാതിയും പറഞ്ഞിട്ടില്ല. ഫ്രണ്ട്‌സ് ഒക്കെ ആയി അടിച്ചു പൊളിച്ചു നടന്നു ഇൻഡോർ സ്റ്റേഡിയം ഒക്കെ കടന്നു ബസിൽ കയറി വരുന്നതൊക്കെ നല്ല ഒരു രസമുള്ള പരിപാടിയായിട്ടേ തോന്നിയിട്ടുള്ളൂ. ഒരിക്കൽ പോലും
ഹോ വയ്യേ എന്ന് അച്ഛനോടോ അമ്മയോടോ പറഞ്ഞത് ഓർമയില്ല. പറഞ്ഞു വന്നത് എന്താണെന്നു വച്ചാൽ....

ബൈപാസ് പണി നടക്കുന്ന സമയം. ബസ് പോയിരുന്നത് പാർളിക്കാട് ഗേറ്റ് വഴിയാണ്. ഇപ്പോഴുള്ള തൃശൂർ-ഷൊർണുർ വഴിയല്ല. വളഞ്ഞു തിരിഞ്ഞു രണ്ടു റെയിൽവേ ഗേറ്റ് ഒക്കെ കടന്നു പോണം. 3.30 നു സ്കൂൾ വിട്ടാലും ബസുകാരുടെ കാരുണ്യവും, ഈ വളഞ്ഞു തിരിഞ്ഞ റോഡും, ട്രെയിനുകളുടെ കൃത്യ നിഷ്ഠയും ഒക്കെ കാരണം വൈകിട്ട് എപ്പോ വീട്ടിൽ എത്തി എന്ന്
ചോദിച്ചാ മതി. അങ്ങിനെ ഇരിക്കുന്ന ഒരു ദിവസമാണ് അത് സംഭവിച്ചത്. മിണാലൂർ ഗേറ്റിനടുത്തു ഞാൻ (ഞങ്ങൾ) കയറിയ ഒരു പത്തു അഞ്ഞൂറ് പേരെ കയറ്റിയ ബസ് പാടത്തേക്കു മറിഞ്ഞത്. ഏതാണ്ട് നടു ഭാഗത്തു നിന്നതു കൊണ്ട് വലിയ സാരമായ പരിക്കൊന്നും പറ്റിയില്ല. ഇരിക്കാൻ സമ്മതിക്കാത്ത കിളിക്കു സ്തോത്രം. ഒരു സൈഡ് വെട്ടി പൊളിച്ചു ഞങ്ങളെ ഒക്കെ
പുറത്തെടുത്തു. ആരൊക്കെയോ നിലവിളിക്കുന്ന ശബ്ദം ഒക്കെ കേൾക്കുന്നുണ്ട്. പിന്നീടറിഞ്ഞു മുന്നിൽ ഇരുന്ന കുറച്ചു പേർക്കല്ലാതെ ആർക്കും സാരമായ പരിക്കൊന്നും ഉണ്ടായില്ല എന്ന്.

എണ്ണി നോക്കിയപ്പോൾ ഞങ്ങടെ കൂട്ടത്തിൽ എല്ലാത്തിനെയും പുറത്തു ഇറക്കി നിറുത്തിയിട്ടുണ്ട് നാട്ടുകാർ. റോഡ് ആകെ ബ്ലോക്ക്. ആരോകെയോ ഞങ്ങളെ നടത്തി ബസ് കിട്ടുന്ന പാർളിക്കാട് ജംഗ്ഷൻ വരെ കൊണ്ട് എത്തിച്ചു. 2-3 കിലോമീറ്റര് നടന്നു കാണും. ബസ് മറിഞ്ഞ അങ്കലാപ്പിൽ എവിടെയൊക്കെ വേദനിക്കുന്നുണ്ടെന്നോ കീറിപ്പോയി പാവാട കൂട്ടിപിടിച്ചാണ് ഞാൻ
നടക്കുന്നതെന്നോ ഒന്നും അറിയുന്നുണ്ടായിരുന്നില്ല. ഏതു ബസിൽ കയറി എങ്ങിനെ വടക്കാഞ്ചേരി എത്തി എന്നും ഓർമ്മയില്ല. ആകെ ഓർമയുള്ളതു വീട്ടിൽ ചെന്ന് പുറകിൽ അമ്മയെ തിരഞ്ഞത് മാത്രമാണ്. അമ്മെ എനിക്കൊന്നും പറ്റിയില്ല എന്ന് പറഞ്ഞു കരയാൻ തുടങ്ങിയത് മാത്രമാണ്.

സാധാരണ വരുന്ന നേരം ആയിട്ടും എന്നെ കാണാത്ത വെപ്രാളം കുറക്കാൻ പിന്നിൽ ഓലയും കീറി നിൽക്കാണ് 'അമ്മ. അച്ഛൻ തറവാട്ടിൽ പോയി സന്ധ്യക്കെ എത്തൂ. എന്ത് ചെയ്യണം എന്ന് ആലോചിച്ചു നിൽക്കുകയായിരുന്നു 'അമ്മ. അന്ന് ഫോൺ ഒന്നും ഇല്ല. "എന്തെ പറ്റിയത്?" "അയ്യോ എനിക്ക് ഒന്നും പറ്റിയില്ലേ"... ഇത് തന്നെ കുറെ ആവർത്തി. വീട്ടിൽ എത്തിയപ്പോളാണ്
ശരിക്കു നടക്കാൻ പോലും പറ്റാത്ത വണ്ണം കാലു നീര് വന്നു വീർത്തെന്നു പോലും മനസിലായത്. 3-4 ദിവസം സ്കൂളിലും പോയില്ല. പക്ഷെ തിങ്കളാഴ്ച ആയപ്പോ പതിവ് പോലെ ജീവിതം വീണ്ടും ബസിൽ തൂങ്ങിയും ആടിയും മുന്നോട്ടു പോകാൻ തുടങ്ങി.

ഞാൻ ആലോചിക്കുകയായിരുന്നു. ഇന്ന് ഇഷാന്റെ സ്കൂൾ ബസ് 10 മിനിറ്റ് വൈകിയാൽ ഉള്ള പൊല്ലാപ്പ്. ആകെ ഫോൺ-വാട്സാപ്പ് ബഹളം. ബസുകാരെ ചീത്ത വിളിക്കൽ. ഒന്നും പറയണ്ട. എല്ലാ മാതാപിതാക്കളും കൂടി ആകെ പൂരം. എനിക്കും എന്റെ അമ്മക്കും ഉള്ള വികാരം രണ്ടും രണ്ടാണോ? അല്ല. പിന്നെ? കാലം മാറി... ഇന്ന് ഞാൻ ജീവിക്കുന്നത് എന്തൊക്കെയോ ആശങ്കകളും ഉത്കണഠകളും മനസ്സിൽ വച്ചിട്ടാണ്. അടുത്ത നിമിഷം എന്തോ അത്യാപത്തുണ്ടാകാൻ പോകുന്നു എന്ന ഒരു ചിന്തയിലാണ് എപ്പോളും. ഇത്ര ആശങ്കകളും ചിന്തകളും പഠിച്ചിരുന്ന കാലത്തൊന്നും എനിക്കോ എന്റെ മാതാ പിതാക്കൾക്കോ ഉണ്ടായിരുന്നതായി ഓർമയില്ല. കുഴപ്പം കാലത്തിനാണോ അതോ എനിക്കോ? ഞാൻ അനുഭവിച്ച ഉത്കണ്ഠകളില്ലാത്ത ഒരു ലോകത്തെ എന്റെ മകന് കാണിച്ചു കൊടുക്കാൻ എന്തെ പറ്റാത്തെ?