Thursday, April 21, 2016

നിരുപമ രാജീവ് ഉണർത്തി വിട്ട ചില ചിന്തകൾ....


How old are you എന്ന സിനിമ നമുക്ക് അറിയാത്ത ഒരു പുതിയ ആശയം നല്കുന്നുണ്ടോ? സൌകര്യപൂർവ്വം നമ്മൾ മറന്നു പോകുന്ന ഒരു സത്യം ഓർമിപിക്കാൻ ശ്രമിക്കുന്നു എന്ന് പറയുന്നതല്ലേ കൂടുതൽ  ശരി? പക്ഷെ ഒരു ആഴ്ച പോട്ടെ ഒരു ദിവസത്തിൽ കൂടുതൽ അതിനെ കുറിച്ച് ചിന്തിക്കാൻ തയ്യാറുള്ള എത്ര പേരുണ്ട്? ഇനി ആഗ്രഹിച്ചാൽ തന്നെ അതിനു സമയവും സൌകര്യവും ഉള്ള എത്ര സ്ത്രീകൾ കാണും? ഇവിടെ പ്രസക്തമായ ചോദ്യം ഭർത്താവും മകളും ഒരായിരം അവഗണനകളും കൂടെ ഉണ്ടായിരുന്നെങ്കിൽ നിരുപമ സ്വപ്നം കാണാൻ തുടങ്ങുമായിരുന്നോ? അതിനെക്കാൾ വലിയ ചോദ്യം കഴിഞ്ഞ 14 വർഷങ്ങൾ മഞ്ജു വാര്യർ ഇത് പോലെ ഒരു സിനിമ എന്ത് കൊണ്ട് ചെയ്തില്ല എന്നതാണ്.

സംവിധായകൻ അനുവദിച്ചത് കൊണ്ട് സിനിമയിൽ നിരുപമക്ക് എന്തൊക്കെയോ ചെയ്യാൻ സാധിച്ചു. എന്നാൽ ഒരു ശരാശരി മലയാളി സ്ത്രീയുടെ സംവിധായകർ എന്തൊക്കെ അനുവദിക്കും? ജോലിയില്ലാത്ത വീട്ടമ്മയായാലും, UDC ആയാലും,  CEO  ആയാലും അവൾക്കു കിട്ടുന്ന പരിഗണന ഏതാണ്ട് ഒരു പോലെ ഒക്കെ തന്നെ. ഉണ്ടാക്കിയ ഭക്ഷണവും, വൃത്തിയാക്കിയ വീടും തുടങ്ങിയ സാധാരണ അളവ് കോലുകളിൽ നിന്നും ഈ സമൂഹം എപ്പോളെങ്കിലും മാറുമോ? പഠിക്കുന്ന കാലത്ത് എല്ലാ ഉയരങ്ങളും കീഴടക്കാൻ പറയുന്ന അച്ഛനും അമ്മയും കല്യാണം കഴിഞ്ഞാൽ  എന്താണ് പറയുന്നത്? എങ്ങനെയെങ്കിലും ഒക്കെ അഡ്ജസ്റ്റ് ചെയ്തു ജീവിക്ക്. ഇങ്ങനെയൊക്കെ തന്നെയാണ് ജീവിതം. അങ്ങിനെയാണോ? ആവോ എനിക്ക് തോന്നിയിട്ടില്ല. എന്തിനു വേണ്ടി? ആർക്കാണ്‌ സന്തോഷം കിട്ടുന്നത്? കണ്ട സ്വപ്‌നങ്ങൾ എല്ലാം ഇരുപതുകളിൽ കുഴിച്ചു മൂടിയിട്ടാണ് തന്റെ അപ്പുറം ഒരു ജീവൻ കിടന്നു ഉറങ്ങുന്നത് എന്ന് മനസിലാക്കുന്ന എത്ര പേരുണ്ട്? എല്ലാവരും അങ്ങിനെയാണ് എന്നല്ല.

ഇവിടെയാണ് നേരത്തെ പറഞ്ഞ ചോദ്യത്തിന്റെ പ്രസക്തി. കുടുംബത്തിന്റെ പ്രാരാബ്ധം മുഴുവൻ തലയിൽ കൊണ്ട് നടക്കുന്ന മുപ്പതുകാരിക്കും നാല്പതുകാരിക്കും സ്വപ്നം കാണാൻ അറിയാഞ്ഞിട്ടൊന്നും അല്ല.  അവള്ക്കറിയാം, മനസ്സ് തുറന്നു സ്വപ്നം കാണാൻ തുടങ്ങിയാൽ ചിലപ്പോൾ അതിന്റെ വില അവൾക്കേറ്റവും പ്രിയപ്പെട്ട മറ്റു പലതും ആയിരിക്കും എന്ന്. അത് അങ്ങനെ ആയ കാലത്തോളം ഒരു സ്ത്രീ സമത്വവും ഉണ്ടാകാൻ പോകുന്നില്ല.