Thursday, April 21, 2016

നിരുപമ രാജീവ് ഉണർത്തി വിട്ട ചില ചിന്തകൾ....


How old are you എന്ന സിനിമ നമുക്ക് അറിയാത്ത ഒരു പുതിയ ആശയം നല്കുന്നുണ്ടോ? സൌകര്യപൂർവ്വം നമ്മൾ മറന്നു പോകുന്ന ഒരു സത്യം ഓർമിപിക്കാൻ ശ്രമിക്കുന്നു എന്ന് പറയുന്നതല്ലേ കൂടുതൽ  ശരി? പക്ഷെ ഒരു ആഴ്ച പോട്ടെ ഒരു ദിവസത്തിൽ കൂടുതൽ അതിനെ കുറിച്ച് ചിന്തിക്കാൻ തയ്യാറുള്ള എത്ര പേരുണ്ട്? ഇനി ആഗ്രഹിച്ചാൽ തന്നെ അതിനു സമയവും സൌകര്യവും ഉള്ള എത്ര സ്ത്രീകൾ കാണും? ഇവിടെ പ്രസക്തമായ ചോദ്യം ഭർത്താവും മകളും ഒരായിരം അവഗണനകളും കൂടെ ഉണ്ടായിരുന്നെങ്കിൽ നിരുപമ സ്വപ്നം കാണാൻ തുടങ്ങുമായിരുന്നോ? അതിനെക്കാൾ വലിയ ചോദ്യം കഴിഞ്ഞ 14 വർഷങ്ങൾ മഞ്ജു വാര്യർ ഇത് പോലെ ഒരു സിനിമ എന്ത് കൊണ്ട് ചെയ്തില്ല എന്നതാണ്.

സംവിധായകൻ അനുവദിച്ചത് കൊണ്ട് സിനിമയിൽ നിരുപമക്ക് എന്തൊക്കെയോ ചെയ്യാൻ സാധിച്ചു. എന്നാൽ ഒരു ശരാശരി മലയാളി സ്ത്രീയുടെ സംവിധായകർ എന്തൊക്കെ അനുവദിക്കും? ജോലിയില്ലാത്ത വീട്ടമ്മയായാലും, UDC ആയാലും,  CEO  ആയാലും അവൾക്കു കിട്ടുന്ന പരിഗണന ഏതാണ്ട് ഒരു പോലെ ഒക്കെ തന്നെ. ഉണ്ടാക്കിയ ഭക്ഷണവും, വൃത്തിയാക്കിയ വീടും തുടങ്ങിയ സാധാരണ അളവ് കോലുകളിൽ നിന്നും ഈ സമൂഹം എപ്പോളെങ്കിലും മാറുമോ? പഠിക്കുന്ന കാലത്ത് എല്ലാ ഉയരങ്ങളും കീഴടക്കാൻ പറയുന്ന അച്ഛനും അമ്മയും കല്യാണം കഴിഞ്ഞാൽ  എന്താണ് പറയുന്നത്? എങ്ങനെയെങ്കിലും ഒക്കെ അഡ്ജസ്റ്റ് ചെയ്തു ജീവിക്ക്. ഇങ്ങനെയൊക്കെ തന്നെയാണ് ജീവിതം. അങ്ങിനെയാണോ? ആവോ എനിക്ക് തോന്നിയിട്ടില്ല. എന്തിനു വേണ്ടി? ആർക്കാണ്‌ സന്തോഷം കിട്ടുന്നത്? കണ്ട സ്വപ്‌നങ്ങൾ എല്ലാം ഇരുപതുകളിൽ കുഴിച്ചു മൂടിയിട്ടാണ് തന്റെ അപ്പുറം ഒരു ജീവൻ കിടന്നു ഉറങ്ങുന്നത് എന്ന് മനസിലാക്കുന്ന എത്ര പേരുണ്ട്? എല്ലാവരും അങ്ങിനെയാണ് എന്നല്ല.

ഇവിടെയാണ് നേരത്തെ പറഞ്ഞ ചോദ്യത്തിന്റെ പ്രസക്തി. കുടുംബത്തിന്റെ പ്രാരാബ്ധം മുഴുവൻ തലയിൽ കൊണ്ട് നടക്കുന്ന മുപ്പതുകാരിക്കും നാല്പതുകാരിക്കും സ്വപ്നം കാണാൻ അറിയാഞ്ഞിട്ടൊന്നും അല്ല.  അവള്ക്കറിയാം, മനസ്സ് തുറന്നു സ്വപ്നം കാണാൻ തുടങ്ങിയാൽ ചിലപ്പോൾ അതിന്റെ വില അവൾക്കേറ്റവും പ്രിയപ്പെട്ട മറ്റു പലതും ആയിരിക്കും എന്ന്. അത് അങ്ങനെ ആയ കാലത്തോളം ഒരു സ്ത്രീ സമത്വവും ഉണ്ടാകാൻ പോകുന്നില്ല.

Monday, January 19, 2009

ഒരു ഇടവേള

"അത് അവള്‍ തന്നെയാണൊ?" അതെ. പത്തു വര്‍ഷങ്ങള്‍ വലിയ മാറ്റമൊന്നും വരുത്തിയിട്ടില്ല. അന്ന് അമ്മയുടെ സാരിത്തുമ്പില്‍ മറഞ്ഞിരുന്ന ഒരു നാണം കുണുങ്ങി. ഇന്നിപ്പോള്‍ അവളുടെ കൈയ്യില്‍ തൂങ്ങി ഒരു കൊച്ചു മുഖം കൂടി ഉണ്ട്. കാലുകള്‍ക്കു തനിയെ വേഗം കൂടി. പണ്ടെങ്ങോ കണ്ടു മറന്ന ആ മുഖം നഗരത്തിന്റെ തിരക്കില്‍പ്പെട്ട് അപ്രത്യക്ഷമാവാതിരിക്കാന്‍.


സ്കൂള്‍ വരാന്തയില്‍ ടി.സി. യും കൈയ്യില്‍ പിടിച്ചു നിറകണ്ണുകളോടെ നിന്ന ഒരു പതിന്നാലുകാരിയുടെ മുഖം എവിടെ നിന്നോ മനസ്സിലേക്കോടിയെത്തി. ഒരു സാക്ഷ്യപത്രം അപ്രസക്തമാണെന്നറിഞ്ഞിട്ടും വെറുതെ ഒരു പ്രഹസനം. അച്ഛനും അമ്മയും തനിക്കായി കണ്ടെത്തിയ പുതിയ പള്ളിക്കൂടത്തെ കുറിച്ചുള്ള ജിജ്ഞാസയൊന്നും അവളില്‍ കണ്ടില്ല. മകളുടെ മുന്നില്‍ തുറന്നു കൊടുത്ത ആ വാതിലിലൂടെ പ്രവേശിക്കാനുള്ള പക്വത അവള്‍ക്കായി എന്നവര്‍ വിശ്വസ്സിച്ചിരുന്നോ ? അറിയില്ല. നിസ്സഹായത മാത്രം നിറഞ്ഞ പരിതസ്ഥിതിക്ക് പകരം വയ്ക്കാന്‍ ഒരു പക്ഷെ അവരില്‍ ഒന്നും അവശേഷിച്ചിട്ടില്ലായിരിക്കും. കുട്ടികളുടെ അവകാശങ്ങളെക്കുറിച്ചും സ്ത്രീ സമത്വത്തെക്കുറിച്ചും എല്ലാം എഴുതി കൂട്ടിയ ഉപന്യാസങ്ങളുടെ ഒരു വരി പോലും അപ്പോള്‍ ഓര്‍മയില്‍ വന്നില്ല. 'മനസ്സു നിറഞ്ഞ' സഹതാപം നല്കി അവളെ യാത്രയാക്കുകയാണ് ഇപ്പോള്‍ വേണ്ടത്. രണ്ടു ദിവസം. അല്ലെങ്കില്‍ ഒരാഴ്ച. അതില്‍ കൂടുതലൊന്നും അവളുടെ ഓര്‍മ്മകള്‍ ആരെയും അലട്ടാന്‍ പോകുന്നില്ല. മുന്നോട്ടു കുതിക്കാനുള്ള വെമ്പലില്‍ എന്തും മറവിക്ക് കീഴ്പ്പെടുത്താനുള്ള കഴിവ്! ഭാഗ്യകരം തന്നെ.

"ഹൊ! എന്തൊരു ശബ്ദം" പെട്ടന്നാണ് ചിന്തയില്‍ നിന്നും ഞെട്ടി ഉണര്‍ന്നത്. വാഹനങ്ങളുടെ അലര്‍ച്ച അസഹ്യമായിരിക്കുന്നു. "അല്ല, ഇത്ര അടുത്ത് എത്തിയോ"? അവളും തന്നെ തിരിച്ചറിഞ്ഞിരിക്കുന്നു. ഒരു പുഞ്ചിരി ആ മുഖത്ത് വിടരുന്നത് സ്പഷ്ടമായി കാണാം.അടുത്തെത്തിയപ്പോള്‍ അവളെ അടിമുടി വീക്ഷിക്കുന്നതില്‍ നിന്നും കണ്ണുകളെ വിലക്കാനായില്ല. കൌതുകമായിരുന്നോ എന്റെ കണ്ണുകളില്‍ അപ്പോള്‍?



അലസമായി ശരീരത്തിലെവിടെയോക്കെയോ ചേര്‍ന്നു കിടക്കുന്ന സാരി. എണ്ണ തേച്ചു ഒട്ടിച്ചു വച്ചിരിക്കുന്ന മുടി. എന്നെ നോക്കുവാനുള്ള "ലൈസന്‍സ്" നേരത്തെ കൊടുത്തു കഴിഞ്ഞതാണ് എന്ന് സൂചിപിക്കനെന്നോണം നെറുക നിറയെ കുങ്കുമം പൊത്തി വച്ചിരിക്കുന്നു. സുമംഗലിക്ക്മാത്രം ലഭിക്കുന്ന ചുരുക്കം ചില അവകാശങ്ങളിലൊന്ന്.
അവള്‍ ആവേശത്തോടെ സംസാരിക്കും എന്ന് കരുതി. പക്ഷെ ദൈന്യത നിറഞ്ഞ ഒരു ആനന്ദം മാത്രം. നിറഞ്ഞ ഹൃദയത്തോടെയാണ് അവളുടെ കൈകളില്‍ പിടിച്ചത്. പക്ഷെ ആ നിസ്സംഗത. അതെന്നെ ചോദ്യം ചെയ്തു കൊണ്ടേ ഇരുന്നു. ഏയ്, വെറും തോന്നലാണ്.
"സുഖം?"
"ങ്ഹും"
"മോളുടെ പേരെന്താ?"
"ഇന്ദു"
"പുള്ളിക്കാരന്‍?"
"ഇപ്പൊ ഇവിടെയാണ് ജോലി"

ആ ചോദ്യം അവളെ വാ തോരാതെ വാചാലയക്കുംമെന്നാണ് കരുതിയത്‌.
വിവാഹ സ്വപ്നങ്ങളെ യാഥാര്ത്ഥ്യമാക്കാന്‍ തയ്യാറെടുപ്പുകള്‍ നടത്തി കൊണ്ടിരിക്കുന്ന എനിക്ക് അവളുടെ ദാമ്പത്യത്തെ കുറിച്ചറിയാനുണ്ടായ
ജിജ്ഞാസയെ കുറ്റം പറയാനൊക്കുമോ? യാഥാര്‍ത്യത്തിന്റെ മുഖം മറയ്ക്കുവാന്‍ അവള്‍ വളരെ കഷ്ടപെടുന്നത് പോലെ തോന്നി. ഏറെ അധ്വാനിച്ചു കിട്ടിയ പൊയ്മുഖം എന്നോട് എന്തൊക്കെയോ ഉപചാര വാക്കുകള്‍ മൊഴിഞ്ഞു സ്നേഹാന്വേഷണങ്ങള്‍ നടത്തി. താന്‍ സന്തുഷ്ടയാണ് എന്ന് ബോധ്യപ്പെടുത്തുകയാണോ? ജീവിതത്തിന്റെ ഇളം പ്രായത്തില്‍ ചുമതലകള്‍ അടിചേ്ചല്പിക്കപ്പെട്ടത്തിന്റെ പരാതികളൊന്നും അവളില്‍ നിന്നുമുയര്‍ന്നില്ല. തന്റെ നിസ്സംഗതക്കൊരു ന്യായീകരണം നല്‍കാനും അവള്‍ പണിപ്പെട്ടില്ല . എന്നിട്ടും എന്റെ ഉള്ളില്‍ കഥകള്‍ ജനിച്ചു. പശ്ചാത്തലമൊരുക്കി ഞാന്‍ അവയെ ഉത്തമ സൃഷ്ടികളാക്കി. ഇതൊന്നുമറിയാതെ അവള്‍ യാത്ര പറഞ്ഞു പിരിഞ്ഞു. "വീണ്ടും കാണാം" എന്ന് പോലും പറയാതെ.
വീണ്ടും തിരക്കിലേക്ക്. 'അവള്‍ ദുഖിതയാണോ?' "ഓ! ഞാനിപ്പോള്‍ എന്താണ് ചെയ്യുക? ഈ കണ്ടു മുട്ടല്‍ ഒരല്പം കൂടി നാടകീയമാക്കി ആരോടെന്കിലും അവതരിപ്പിക്കാം. അത്രയൊക്കെയേ നടക്കൂ."

"ങ്ഹാ, മറുവശത്ത് ആരാണെന്നറിയുമെങ്കില്‍ ഈ മൊബൈല് നാദം ഇത്ര കര്‍ണ്ണാനന്ദകരമാണല്ലേ? " "പറയു രവി. അല്ലെങ്കില്‍ വേണ്ട ഇന്നു ഞാന്‍ പറയാം. എനിക്ക് ഒരു വലിയ കാര്യം പറയാനുണ്ട്. എന്റെ "suggestions" "client" ഇന് ഇഷ്ടമായി. "And I got the deal".ഇന്നു ഡിന്നര്‍ എന്റെ വക. എവിടെ പോണം? ................................................................................................................................................................... . . .

Saturday, January 17, 2009

അറിഞ്ഞിട്ടും

ഒരിക്കലും പൂക്കില്ലെന്നറിഞ്ഞിട്ടും
നിത്യവും ഞാനെന്റെ മുല്ലയെ നനയ്ക്കുന്നു

ഒരിക്കലും കായ്ക്കില്ലെന്നറിഞ്ഞിട്ടും
ഞാനെന്റെ വാഴക്ക്‌ തടമിടുന്നു

ഒരിക്കലും പൂവണിയില്ലെന്നറിഞ്ഞിട്ടും
ഞാനെന്റെ മോഹത്തെ താലോലിക്കുന്നു

എനിക്ക് ഭ്രാന്താണല്ലേ?

സര്‍ഗ്ഗ വേദന

എഴുതാനിരുന്നു ഞാന്‍
മനസ്സു നിറയെ കാവ്യങ്ങളായിരുന്നു
ഇതാ മഹാസൃഷ്ടി ജനിക്കാന്‍ പോകുന്നു

ഞാന്‍ എഴുതും... ഇന്നല്ല
നാളെ പക്ഷെ നാളെ ഞാന്‍ എന്ത് പറയും
അല്ലാ! മാസങ്ങള്‍ എത്രയോ കിടക്കുന്നെന്ടെ
മുന്നില്‍ അത് തീര്‍ന്നാലോ? സംവത്സരങ്ങളുണ്ടല്ലോ.



എങ്കിലും ചിന്തിച്ചു ഞാന്‍
"മനം നിറഞ്ഞു തുളുംബിയിട്ടും
എന്‍ തൂലികയെന്തേ ചലിക്കാത്തൂ"

ഒരു പക്ഷെ വിഷയാധിക്യമാകാം
ഒന്നു ചെയ്യാം ...
മോഹഭംഗത്തെ മോഹം കൊണ്ടു ഹരിക്കാം

എന്ത് വിഡ്ഢിത്തരം!
അനന്തതയെ അനന്തത കൊണ്ടാര്‍ക്ക്
ഹരിക്കാനാവും?


ഒന്നു തീര്‍ച്ച. ഇന്നെനിക്കെഴുതാനാവില്ല
ഇനിയൊന്നുറങ്ങാം.
അതാ! സ്വപ്‌നങ്ങള്‍ വരുന്നുവല്ലോ
വീണ്ടും എഴുതാനിരുന്നു ഞാന്‍







Wednesday, January 14, 2009

എങ്കിലും...

എഴുതാന്‍ കഴിഞ്ഞെങ്കിലൊരുപക്ഷേ
കരയാതിരുന്നേനെ ഞാന്‍
കരയാതിരുന്നെങ്കിലൊരുപക്ഷേ
തേങ്ങാതിരുന്നേനെ ഞാന്‍
തേങ്ങാതിരുന്നെങ്കിലൊരുപക്ഷേ
തളരാതിരുന്നേനെ ഞാന്‍
തളരാതിരുന്നെങ്കിലൊരുപക്ഷേ
ഓര്‍ക്കാതിരുന്നേനെ ഞാന്‍
ഓര്‍ക്കാതിരുന്നെങ്കിലൊരുപക്ഷേ
വെറുക്കാതിരുന്നേനെ ഞാന്‍

വെറുക്കാതിരുന്നെങ്കിലൊരുപക്ഷേ
തകരാതിരുന്നേനെ ഞാന്‍
തകരാതിരുന്നെങ്കിലൊരുപക്ഷേ
എഴുതാനിരുന്നേനെ ഞാന്‍